Contemporary and New Trends in writing Local History

കേരള ചരിത്ര ഗവേഷണ കൗൺസിലും 

കുളപ്പുറം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന

പ്രാദേശിക ചരിത്ര രചന പഠന കോൺഗ്രസ്

പ്രാദേശിക ചരിത്രരചന: പുതുവഴികളും സമകാലിക അനുഭവങ്ങളും

കുളപ്പുറം വായനശാല , ചെറുതാഴം | 24 – 25 മെയ് 2025

ഒരു ദേശത്തെ ജനത അവരുടെ ചരിത്രം കണ്ടെത്താൻ നടത്തുന്ന കൂട്ടായ ശ്രമത്തിന് കണ്ണൂര്‍ ചെറുതാഴത്ത് തുടക്കമിടുകയാണ്.  കേരള ചരിത്രഗവേഷണ കൗൺസിലിന്റെ സ്ഥാപിത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനകീയ ദേശചരിത്രരചനാപദ്ധതിയുടെ ഭാഗമായി കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയവുമായി ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. 2025 മെയ് 24-25 തീയതികളിൽ നടത്തുന്ന ദേശചരിത്രരചനാ ശില്പശാലയോടെ ആരംഭിക്കുന്ന ഈ പ്രവർത്തനം 2026 മെയ് അവസാനം ചെറുതാഴത്തിന്റെ ദേശചരിത്ര പ്രകാശനത്തോടെ സമാപിക്കുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 

ദേശചരിത്രം എന്ന സങ്കല്പം വളർന്നുവരുന്നതിന്റെ ഭൗതിക പശ്ചാത്തലത്തെ പഠനവിധേയമാക്കിയും അത്തരത്തിലുള്ള ചരിത്രംകൊണ്ട് അർത്ഥമാക്കുന്നതെന്താണെന്ന് തദ്ദേശീയമായി നിർവചിച്ചുമായിരിക്കും രചനാ പദ്ധതിയിലേക്ക് നീളുന്ന ആദ്യഘട്ട ശില്പശാല ആരംഭിക്കുക.  ദേശത്തെ നിർണയിക്കുന്നത് സ്ഥലപരിധിയാണെന്ന സങ്കല്പത്തിനുമപ്പുറം, ഭൂപ്രകൃതിയും കാലാവസ്ഥയും അവയിലുണ്ടാകുന്ന മാറ്റങ്ങളും അത്തരം മാറ്റങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ദുരന്ത സാധ്യതകളും മനുഷ്യനും അവിടുത്തെ സവിശേഷമായ  ജൈവാവസ്ഥയുമായുള്ള പരസ്പരബന്ധവും  മാറിവരുന്ന സ്വഭാവവും മറ്റും നിർണയിക്കുന്ന സവിശേഷമായ ഭൗതികാവസ്ഥയായി കണ്ടായിരിക്കും ഒരു ദേശത്തെ നിർവചിക്കേണ്ടിവരിക.

അവ സാധ്യമാക്കുന്ന ദേശത്തിൽ മനുഷ്യർ എങ്ങനെ അതിജീവിച്ചു, അതിനായി അവർ പ്രകൃതിയുമായി പാരസ്പര്യത്തിൽ എത്തിയതെങ്ങനെ തുടങ്ങിയവ വിശകലന വിധേയമാക്കും. ഈ ബന്ധത്തിൽ മനുഷ്യൻ പ്രകൃതിയെയും തിരിച്ച്, പ്രകൃതി മനുഷ്യനെയും മാറ്റിമറിക്കുന്നുണ്ടാകും.  ഇത്തരം മാറ്റങ്ങൾ എങ്ങനെ സംഭവിച്ചുവെന്നതും ചിലത് എങ്ങനെ ഇന്നും തുടരുന്നുവെന്നതും പ്രധാന ചോദ്യങ്ങളാണ്. 

ഓരോ കാലത്തും അതത് കാലത്തെ അറിവിന്റെയും അധ്വാനത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തില്‍ നിർമ്മിക്കപ്പെട്ടവയാണ്.  മഹാശിലകളും കളിമൺപാത്രങ്ങളും വയലുകളും കടവുകളും തൊടികളും തോണികളും കാവുകളും കരക്കകളും മറ്റും മനുഷ്യ ഇടപെടലിന്റെ അവശിഷ്ടങ്ങളായി/ഓർമ്മകളായി ഓരോദേശത്തും അവശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയെ കണ്ടെത്തി അതിലൂടെ ദേശത്തിന്റെ കാലികമായ മാറ്റത്തിന്റെ ചരിത്രത്തെ കണ്ടെത്തേണ്ടതുണ്ട്.

പൂർവ്വകാല ചരിത്രത്തെ ഈ വിധത്തിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചെടുക്കാമെങ്കിൽ എഴുതപ്പെട്ട ലിഖിതങ്ങളും മറ്റു രേഖകളും ലഭ്യമാകുന്ന മധ്യകാലമാകുമ്പോഴേക്കും ഓരോ ദേശത്തെയും മനുഷ്യരുടെ ഇരിപ്പും നടപ്പും വ്യത്യാസപ്പെട്ടു വരുന്നത് മറ്റൊരു രീതിയിൽ വായിച്ചെടുക്കപ്പെടേണ്ടതുണ്ട്. മനുഷ്യരുടെ വരവിന്റെയും അവർ നിർമിച്ച സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയത്തിന്റെയും ചരിത്രത്തെ കണ്ടെത്താൻ കഴിയണം. സ്വരൂപങ്ങളുടെയും സാഗര-സമുദ്രങ്ങളുടെയും വരവും വാഴ്ചയും അവർ എന്തു ചെയ്തു എന്നതും അന്വേഷിക്കപ്പെടണം.  പുതുതായി വളർന്നുവരുന്ന കോവിലിലും ക്ഷേത്രങ്ങളിലും പണിയാളുകളും അടിയാളുകളും ഉണ്ടായിവരുന്നതിന്റെ നാൾവഴിയും രാഷ്ട്രീയവും എന്തെന്നറിയണം. 

കടൽ കച്ചവടക്കാരുടെ വരവ് കരയിലെ മനുഷ്യരെ തൊട്ടതെങ്ങനെയെന്നും അതിന്റെ  തുടർച്ചയിൽ വിദേശ കമ്പനികൾ ഈ ദേശത്തെ ഉഴുതുമറിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടണം.  പുതുതായി വളർന്നുവരുന്ന മനുഷ്യരെയും ഉൽപാദന രൂപങ്ങളെയും തിരിച്ചറിയണം.  ചെറുതാഴത്ത് ആറോൺ മിൽ പോലുള്ള സ്ഥാപനങ്ങൾ ഉണ്ടാകുമ്പോൾ എന്തു സംഭവിക്കുന്നു?  ദേശത്തെ മനുഷ്യർ  കുലത്തൊഴിലിനപ്പുറമുള്ള തൊഴിലുകളിലേക്ക് ചേക്കേറുമ്പോൾ  നാടിന് എന്ത് സംഭവിക്കുന്നു? മുതലാളിത്തം ഉണ്ടാക്കുന്ന തൊഴിൽ ബന്ധങ്ങളെയും അതിലെ ചൂഷണത്തെയും എങ്ങനെ തിരിച്ചറിയുന്നു? എങ്ങനെ പ്രതികരിക്കുന്നു?  സിദ്ധാന്തത്തിനപ്പുറം അനുഭവത്തിലൂടെ മനുഷ്യർ അവരുടെ രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കുന്നതെങ്ങനെ? അതിനെ വളർത്താൻ സാംസ്കാരിക രൂപങ്ങളെ പുതുതായി ഉണ്ടാക്കുന്നതെങ്ങനെ? ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുകയും ഉത്തരങ്ങൾ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. 

എന്താണ് ആധുനികകാലത്തെ ദേശത്തിന്റെ രാഷ്ട്രീയം?  എന്താണ് ദേശത്തിന്റെ  ഇടതുപക്ഷം?  പ്രാദേശിക അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവയെ കണ്ടെത്തണം.  സാമൂഹിക പരിഷ്കരണം വ്യക്തികളുടെ ശബ്ദത്തിനപ്പുറം സമഷ്ടിയുടെ ആശയമായി മാറിയത് എങ്ങനെ എന്ന്  അന്വേഷിക്കേണ്ടതുണ്ട്. അവയുടെ പരിണിതഫലം ദേശത്തെ മനുഷ്യബന്ധങ്ങളെ മാറ്റിമറിച്ചതെങ്ങനെയെന്ന് തിരിച്ചറിയണം.

സമകാലികദേശം പൂർവ്വകാലത്തിന്റെ തുടർച്ചയോ ഇടർച്ചയോ?  മതനിരപേക്ഷവും ജനാധിപത്യപരവും സാമൂഹികനീതി ഉറപ്പാക്കുന്നതുമായ ഒരു സമകാലിക ദേശത്തെ നിർമ്മിക്കുന്നതിൽ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ യാഥാസ്ഥികത തടസ്സം നിൽക്കുന്നുണ്ടോ? ഇന്നത്തെ മനുഷ്യർ പാരമ്പര്യത്തിൽ ജീവിക്കുകയും പുരോഗമന പ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാവുകയും ചെയ്യുമ്പോൾ ആനന്ദതീർത്ഥനെ പോലുള്ളവരുടെ ചിന്തയുടെയും പ്രവർത്തിയുടെയും തുടർച്ചയാണോ അവർ ഉണ്ടാക്കുന്നത് അല്ല മറ്റെന്തെങ്കിലും പുനരുജ്ജീവനവാദങ്ങളിലേക്ക് കെട്ടുപിണഞ്ഞു പോകുകയാണോ ചെയ്യുന്നത്?  ഇത്തരത്തിലുള്ള സമകാലിക പ്രവണതകൾ നമ്മുടെ ദേശത്ത് പുതിയ പിന്തിരിപ്പൻ ശക്തികളുടെ വരവിന് വഴിവെക്കുന്നുണ്ടോ?

ഇത്തരം കാര്യങ്ങളുടെ അന്വേഷണത്തിലൂടെ ദേശചരിത്രമെഴുത്ത് എന്നത് പഴയ രീതിയിലുള്ള നാട്ടിലെ മഹത് വ്യക്തികളുടെ വീരാപദാനങ്ങൾ വാഴ്ത്തുന്നവയോ സ്ഥാപനങ്ങളുടെയും മറ്റും സ്ഥിതിവിവര കണക്കുകൾ പട്ടികപ്പെടുത്തിവെക്കുന്നവയോ ആയി ചുരുക്കപ്പെടുന്നവയാകില്ല. മറിച്ച്, മനുഷ്യൻ അവനെത്തന്നെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയയുടെ അടയാളപ്പെടുത്തലാകും. മാത്രമല്ല,  അത്തരം എഴുത്ത് നമുക്ക് നമ്മെ തന്നെ തിരിച്ചറിയാനുള്ള ഇടവും പ്രവർത്തിയുമായി മാറുകയും ചെയ്യും. ഈ പ്രക്രിയ ജനകീയ പങ്കാളിത്തത്തോടുകൂടിയാകുമ്പോൾ ഒരു സ്വയം തിരിച്ചറിവിന്റെ പ്രകാശനം കൂടി അതിൽ ഉൾചേർന്നിരിക്കും.  അത് നമ്മുടെ ദേശം എന്തായിത്തീരണമെന്ന നമ്മളുടെ സങ്കൽപ്പത്തിന്റെ അടിരേഖയായും മാറും. ഇത്തരത്തിലുള്ള ഒരു ദേശചരിത്ര നിർമ്മിതിക്കുള്ള ശ്രമമാണ് കേരള ചരിത്ര ഗവേഷണ കൗൺസിലും കുളപ്പുറം വായനശാല ആന്‍ഡ് ഗ്രന്ഥാലയവും കൂടി ചെയ്യാൻശ്രമിക്കുന്നത്. ഈ പരിപാടിയിലേക്ക് താങ്കളെ സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.