Obituary: Dr. M. G. S. Narayanan

പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ നിര്യാണത്തിൽ കെ.സി.എച്ച്.ആർ അനുശോചിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ ഡോ. എം.ജി.എസ്. നാരായണന്റെ നിര്യാണത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഇന്ത്യൻ ചരിത്രത്തിന്റെയും കേരളചരിത്രത്തിന്റെയും ഗൗരവമായ പഠനത്തിന് അതുല്യമായ സംഭാവനങ്ങൾ നല്കിയ ചരിത്രകാരനാണ് ഡോ. എം. ജി. എസ്. നാരായണൻ.

1970 മുതൽ 1992 ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗത്തെ നയിച്ച അദ്ദേഹം, പ്രത്യേക ഗ്രന്ഥശാലയും കേരളചരിത്ര-സാംസ്കാരിക മ്യൂസിയവും സ്ഥാപിച്ചു. പിന്നീട് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR)-ന്റെ മെമ്പർ സെക്രട്ടറി (1990-92) യായും ചെയർമാനായും (2001-03) പ്രവർത്തിച്ചു. അദ്ദേഹം 1974-75-ൽ ലണ്ടൻ സർവകലാശാലയിലെ SOAS-ൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലൊ ആയിരുന്നു. 1991-ൽ മോസ്കോ, ലെനിൻഗ്രാഡ് എന്നീ സർവകലാശാലകളിൽ സന്ദർശക ഫെലോ ആയിരുന്നു. UGC ചരിത്ര പാനലിലും UGC നാഷണൽ ലെക്ച്ചറിന്റെയും മെമ്പറായിരുന്ന അദ്ദേഹം എംജി യൂണിവേഴ്സിറ്റിയിലെ സാമൂഹ്യശാസ്ത്ര സ്കൂൾ, ടോക്കിയോ യൂണിവേഴ്സിറ്റി, മാംഗ്ലൂർ സർവകലാശാല തുടങ്ങി വിവിധങ്ങളായ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1969 മുതൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസും, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യയും സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെയും പ്രത്യേകിച്ച് കേരള ചരിത്രത്തിന്റെയും ആഗോളമായി അംഗീകരിക്കപ്പെട്ട വിദഗ്ധനാണ്. ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികൾ തുടങ്ങിയ പുരാതന ലിപികകളിലും തമിഴ് ഭാഷയിലും സംസ്കൃതത്തിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

കൾച്ചറൽ സിംബയോസിസ് ഇൻ കേരള, ആസ്പെക്ട്സ് ഓഫ് ഓഫ് ആര്യനൈസേഷൻ ഇൻ കേരള), റീ ഇൻ്റർപ്രട്ടേഷൻസ് ഇൻ സൗത്ത് ഇന്ത്യൻ ഹിസ്റ്ററി, ഫൗണ്ടേഷൻസ് ഓഫ് സൗത്ത് ഇന്ത്യൻ ഹിസ്റ്ററി ആൻഡ് കൾച്ചർ എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ ചിലതാണ്.

കാലിക്കറ്റ് സർവകലാശാല ചരിത്ര സീരീസിൻ്റെ ജനറൽ എഡിറ്ററായിരുന്ന അദ്ദേഹം വഞ്ഞേരി ഗ്രന്ധവരി ഉൾപ്പെടെയുള്ള മൂന്ന് പ്രധാന ചരിത്ര സോഴ്സുകൾ പ്രസിദ്ധീകരിച്ചു. ഇന്ത്യാ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിൻ്റെ അടിസ്ഥാന ശിലകൾ , കോഴിക്കോടിൻ്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും തുടങ്ങിയവ അദ്ദേഹത്തിൻ്റെ മലയാളത്തിലെ പ്രധാന കൃതികളാണ്. അദ്ദേഹത്തിന്റെ പ്രധാന കൃതിയായ _പെരുമാൾസ് ഓഫ് കേരള കേരളചരിത്രപഠനത്തിലെ അടിസ്ഥാന ഗ്രന്ഥമായി നിലകൊള്ളുന്നു.

ഇന്ത്യൻ ചരിത്രത്തിന്റെയും കേരളചരിത്രത്തിന്റെയും ഗൗരവമായ പഠനത്തിന് അതുല്യമായ സംഭാവനങ്ങൾ നല്കിയ ചരിത്രകാരനാണ് ഡോ. എം. ജി. എസ്. നാരായണൻ. താമ്രശാസനങ്ങളുടെയും തമിഴ് ബ്രാഹ്മി ശിലാലിഖിതങ്ങളുടെയും ആധികാരിക പഠനത്തിലൂടെ ദക്ഷിണേന്ത്യയുടെ പുരാതന രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തിന് പുതിയ കാഴ്ചപ്പാടുകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

"ഇന്ത്യയുടെ ആധികാരിക പൈതൃക ചരിത്രകാരന്മാരിൽ ഒരാളായി" കണക്കാക്കപ്പെടുന്ന അദ്ദേഹത്തെ 2018 ൽ കെ.സി.എച്ച്.ആർ പണ്ഡിതാദരവ് നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ചരിത്ര ലോകത്തിന് നികത്താനാവാത്ത വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കെ.സി.എച്ച്ആറിൻ്റെ ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നു.

 

കെ.സി.എച്ച്.ആർ   ചെയർപേഴ്സൺ - പ്രൊഫ. കെ. എൻ.  ഗണേഷ്                                                                       

കെ.സി.എച്ച്.ആർ  ഡയറക്ടർ  - പ്രൊഫ.  ദിനേശൻ വി. 

 

ഡോ. എം. ജി. എസ്. നാരായണന്‍ അനുസ്മരണം

തിയതി & സമയം: 29-04-2025, വൈകിട്ട് 3.00 മണിക്ക്
സ്ഥലം: കെ. സി. എച്ച്. ആര്‍ ലൈബ്രറി, തിരുവനന്തപുരം

ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.